---
title: "ഖജനാവ് കാലി; ശമ്പളം പാതി ; ഹിമാചലിൽ മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം "
english_title: "Treasury is empty; salaries are half; Himachal CM's salary has been cut, affecting top government officials as well"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354720/Treasury-is -empty-salaries-are-half- Himachal-CM's-salary-has-been-cut-affecting-top-government-officials-as-well-new"
published_at: "2026-04-22T09:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e84eb561276_zsdcx.jpg"
keywords: []
---

# ഖജനാവ് കാലി; ശമ്പളം പാതി ; ഹിമാചലിൽ മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം 

> **Lead Summary:** **[**കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ നിർണ്ണായക തീരുമാനമെടുത്തു. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം താൽക്കാലികമായി തടഞ്ഞുവെക്കാനോ കുറയ്ക്കാനോ ആണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

## Article Content

**[**കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ നിർണ്ണായക തീരുമാനമെടുത്തു. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം താൽക്കാലികമായി തടഞ്ഞുവെക്കാനോ കുറയ്ക്കാനോ ആണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ശമ്പളത്തിന്റെ 50%  മാറ്റിവെക്കും. മന്ത്രിമാർ & സ്പീക്കർ എന്നിവരുടെ ശമ്പളത്തിന്റെ 30% വും എംഎൽഎമാരുടെ ശമ്പളത്തിന്റെ 20% കുറച്ചു. അടുത്ത ആറു മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം നേരിടുന്ന 'അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ' മറികടക്കാനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. ജനപ്രതിനിധികൾക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും നിയന്ത്രണങ്ങൾ ഉണ്ടാകും.

 ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാനവും വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേതിൽ 20 ശതമാനവുമാണ് മാറ്റിവെക്കുക. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി സുഖു വ്യക്തമാക്കി. പ്രതിവർഷം 8000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്നത്. ഇത് വെറും ശമ്പളം പിടിക്കൽ അല്ലെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഇളവുകൾ നൽകുമെന്നും സുതാര്യത ഉറപ്പാക്കാൻ ഇ-സാലറി സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354720/Treasury-is -empty-salaries-are-half- Himachal-CM's-salary-has-been-cut-affecting-top-government-officials-as-well-new)